ചരിത്ര പാശ്ചാത്തലം.
ചെറുവത്താനി നാഴിയത്തുവീട്ടില്‍ കൃഷ്ണന്‍നായര്‍ എസ്.എസ്.എല്‍.സി. പാസ്സായ ശേഷം സ്വാതന്ത്ര സമര പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി വാര്‍ദ്ധയില്‍ ഗാന്ധിജിയുടെ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു. അവിടത്തെ പരിശീലനത്തിനുശേഷം ആദ്ദേഹം ഖാദി പ്രസ്ഥാനത്തിന്റെ പ്രചാരകനായി കോഴിക്കോട് എത്തി. അവിടെ മാതൃഭൂമി ദിനപത്രത്തിന്റെ മാനേജരായി വളരെക്കാലം ജീവിച്ചു. ജീവിതാവസാനംവരെ ഒരു ഗാന്ധിയനായി ജീവിച്ച അദ്ദേഹത്തിന്റെ വീട് സ്വാതന്ത്രസമരകാലത്തെ പ്രധാന പ്രവര്‍ത്തകരുടെയെല്ലാം താവളമായിരുന്നു. എടുത്തു പറയത്തക്ക മറ്റ് രണ്ട് മഹത് വ്യക്തികള്‍
ചെറുവത്താനി പിള്ളനേഴി മനക്കല്‍ പി. എസ് നമ്പൂതിരി, സി. ഉണ്ണിരാജ എന്നിവരാണ്. ചെറുവത്താനി പിള്ളനേഴി മനക്കലെ ശ്രീ. പി.കൃഷ്ണന്‍നമ്പൂതിരി കൊച്ചി രാജ്യത്തും ക്ഷേത്രപ്രവേശന വിളംബരം നടപ്പിലാക്കണമെന്ന് ഉദ്ദേശിച്ച് ഒപ്പ് ശേഖരണം നടത്തുകയും അത് അധികൃത സ്ഥാനങ്ങളില്‍ എത്തിക്കുകയും ചെയ്തു. ഇദ്ദേഹത്തിന്റെ പ്രലര്‍ത്തനങ്ങളില്‍ അസന്തുഷ്ടനായകൊച്ചിരാജാവ് ഇദ്ദേഹത്തിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി ഇല്ലം പോലീസ് റെയ്ഡ് ചെയ്തു. ഇക്കാര്യം മുന്‍കൂട്ടി മനസ്സിലാക്കിയ അദ്ദേഹം പഴയ ബ്രിട്ടീഷ് മലബാറിലേക്ക് ഒളിച്ചോടി പിന്നീട്‌കൊച്ചി രാജ്യത്ത് ക്ഷേത്രപ്രവേശനം അനുവദിച്ചതിനു ശേഷം നാട്ടില്‍ തിരിച്ചെത്തി.
ശ്രീ പിള്ളനേഴി മനക്കല്‍ നാരായണന്‍നമ്പൂതിരി, നമ്പൂതിരി സമുദായത്തെ ഉദ്ധരിക്കാന്‍ ശ്രീ. വി.ടി. ഭട്ടതിരപ്പാടിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.പ്രസ്ഥാനത്തിന്റെ ഭാഗമായ യാചനാ യാത്ര, വിധവാ വിവാഹം, പ്രഹസനങ്ങള്‍ എന്നിവയിലെല്ലാം അദ്ദേഹം പ്രാധാന പങ്കുവഹിച്ചിട്ടുണ്ട്.
ഭൂപ്രകൃതി
കുന്നംകുളം പട്ടണത്തില്‍ നിന്ന് 5 കി.മീ. പടിഞ്ഞാറോട്ടുമാറി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് വടുതല. ആര്‍ത്താറ്റ് പഞ്ചായത്തിന്റെ പരിധിയില്‍ പെട്ടിരുന്ന ഈ പ്രദേശം 1999 ല്‍ കുന്നംകുളം മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെടുത്തുകയുണ്ടായി. വടുതല, വട്ടംപാടം, ഉള്ളിശ്ശേരി, മുതുവമ്മല്‍, ചെറുവത്താനി എന്നീ സ്ഥലങ്ങള്‍ ഈ പ്രദേശത്ത് ഉള്‍പ്പെടുന്നു. ഇതില്‍ വട്ടംപാടം, വടുതല എന്നിവ സമതല പ്രദേശങ്ങളാണ്. നെല്‍പാടങ്ങള്‍ നികത്തിയെടുത്ത് പുതുതായി വെച്ചിട്ടുള്ള തെങ്ങുകള്‍ കായ്ഫലമില്ലാതെ ഭാഗിഗമായി അവഗണിച്ച രീതിയില്‍ കാണുന്നു. ഇതിനുള്ള പ്രധാന കാരണം മണ്ണ് ഫലപുഷ്ടി ഇല്ലാത്തതും വേണ്ടത്ര ജൈവവളങ്ങളും മറ്റു വളങ്ങലും ഇല്ലാത്തതുമാണ്. മുതുവമ്മല്‍ പ്രദേശം ഒരു കോള്‍നിലപ്രദേശമാണ്. 104 എക്ര വരുന്ന പുഞ്ചവയല്‍, പുഞ്ചപ്പാടങ്ങളിലെ ബണ്ട് നിര്‍മ്മാണങ്ങളുടെ പരോക്ഷഫലമായി നീരൊഴുക്ക് തടസപ്പെട്ടതിനാല്‍ തരിശ്ശിടേണ്ട സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നു.
സഞ്ചാരികളുടെ വിശ്രമകേന്ദ്രം
പഴയ ബ്രിട്ടീഷ് മലബാര്‍ പ്രദേശത്ത് നിന്നും കുന്നംകുളം പട്ടണത്തിലേക്ക് കാല്‍നടയായി വരുന്നവരുടെ വിശ്രമാര്‍ത്ഥം ഒരു ചെറിയ അത്താണി പുരാതന കാലം മുതലേ ഉണ്ടായിരുന്നു. അതാണ് പിന്നീട് ചെറുവത്താനി ആയി മാറിയത്. ഇതിനടുത്താണ് കാക്കകളുടെ വിഹാരകേന്ദ്രമായ കാക്കത്തുരുത്ത് സ്ഥിതി ചെയ്യുന്നത്. ചുറ്റുപാടും വെള്ളവും നടുവില്‍ മരങ്ങളും വീടുകളുമുള്ള ഈ പ്രദേശത്ത് ചിലസമയങ്ങളില്‍ കാക്കകള്‍ ധാരാളമായി എത്തിച്ചേരാറുണ്ട്.
വിദ്യാഭ്യാസം
ആദ്യ കാലത്ത് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഒന്നും തന്നെ ഇല്ലാതിരുന്ന ഈ പ്രദേശത്ത് 1916 ല്‍ ഒരു സര്‍ക്കാര്‍ പ്രൈമറി വിദ്യാലയം നിലവില്‍ വന്നു. 1920 ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തി. ഇപ്പോള്‍ 3 അംഗന്‍വാടികളും ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഒരു ഹൈസ്‌കൂള്‍ ഇപ്പോഴും ഇന്നാട്ടുകാരുടെ സ്വപ്നമായി നിലനില്‍ക്കുന്നു.
സ്ഥാപനങ്ങള്‍
വടുതല ഗവ: യു.പി. സ്‌കൂള്‍, മുതുവമ്മല്‍ മഹല്ല്, വടുതല ബദ്‌രിയ ജുമാ മസ്ജിദ്, തേവരുടെ അമ്പലം എന്നിവയാണ് ഈ പ്രദേശത്തെ പ്രധാന സ്ഥാപനങ്ങള്‍.
വടുതല യു.പി. സ്‌കൂള്‍ – നാടിന്നഭിമാനം
1916 – ല്‍ കൂളിയാട്ടില്‍ കുടുബക്കാരുടെ വകയായി ഈ പ്രദേശത്ത് ഒരു വിദ്യാലയം ആരംഭിച്ചു. വടുതലയില്‍ ഉള്ളിശ്ശേരി എന്ന സ്ഥലത്ത് പരേതനായ ജനാബ്. കമ്മുക്കുട്ടി സാഹിബിന്റെ വസതിയിലെ കളപ്പുരയിലാണ് വിദ്യാലയത്തിന്റെ ആരംഭം. ആദ്യ കാലത്ത് രണ്ട് ക്ലാസ്സുകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. അന്നത്തെ അധ്യാപകര്‍ സര്‍വ്വശ്രീ. പൂളന്തറക്കല്‍ മുഹമ്മദ്, പോള്‍, കാക്കുണ്ണി എന്നിവരായിരുന്നു. ഈ വിദ്യാലയം വന്നതോടെയാണ് ഈ പ്രദേശത്തെ കുട്ടികള്‍ വിദ്യാലയത്തില്‍ പോകാന്‍ തുടങ്ങിയത്. 1920 ല്‍ ഈ സ്‌കൂള്‍ ഇന്നു കാണുന്ന സ്ഥലത്തേക്ക് സ്ഥാപിച്ചു. അന്നത്തെ കൊച്ചി ദിവാനായിരുന്ന ശ്രീമാന്‍ ശണ്‍മുഖം ഷെട്ടിയുടെ സാന്നിദ്ധ്യത്തില്‍ വലിയ ആഘോഷത്തോടെയാണ് ചടങ്ങ് നടന്നത്. 1968 ല്‍ ഇതൊരു അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തി. ഒരു ഹൈസ്‌കൂളായിത്തീരണമെന്ന ഈ നാട്ടിലെ ജനങ്ങളുടെ മോഹം സ്ഥലപരിമിതി മൂലം സഫലമായിട്ടില്ല. ഈ പ്രദേശത്ത് മറ്റൊരു ഹൈസ്‌കൂളോ എല്‍.പി. സ്‌കൂളോ, യു. പി. സ്‌കൂളോ ഇല്ല. എന്നാല്‍ മൂന്ന് അംഗന്‍വാടികള്‍ ഇവിടെ ഉണ്ട്.
വടുതല ബദ്‌രിയ്യാ ജുമാ മസ്ജിദ്
പൗരപ്രമുഖനായ കൂളിയാട്ടില്‍ ഖാന്‍ ബഹദൂര്‍ മുഹമ്മദ് സാഹിബ് ദാനം നല്‍കിയതാണ് ഇന്നത്തെ പള്ളി നില്‍ക്കുന്ന സ്ഥലം. പള്ളിയില്‍ നമസ്‌കാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ പ്രശസ്ത മതപണ്ഡിതനും വാഗ്മിയുമായ ഹാജി അദൃശ്യാരി മുഹമ്മദ് മുസ്ല്യാരാല്‍ ഇവിടെ ജുമുഅ നിസ്‌കാരം തുടങ്ങിവെച്ചു. പള്ളിയുടെ കീഴില്‍ എസ്.കെ.ഐ.എം.യു. അംഗീകരിച്ച മൂന്ന് മദ്രസകളിലായി 12 അദ്യാപകര്‍ ജോലി ചെയ്യുന്നു. ആഴ്ച്ചയിലൊരിക്കല്‍ മതപഠന ക്ലാസ്സുകള്‍ നടത്തുന്നുണ്ട്.
മുതുവമ്മല്‍ മഹല്ല് – മതസൗഹാര്‍ദ്ദത്തിന്റെ പുണ്യഭൂമി
ഇന്ത്യയില്‍ എല്ലായിടത്തും മതങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധകള്‍ വര്‍ദ്ധിച്ചു വരുന്ന ഈ കാലത്ത് മതവ്യത്യാസമോ സാമുദായിക അന്തരമോ ഇല്ലാതെ മനുഷ്യര്‍ സൗഹാര്‍ദ്ധത്തോടെ ജീവിച്ചുപോന്ന ഒരു പാരമ്പര്യം മുതുവമ്മല്‍ ദേശത്തിനുണ്ട്. മുസല്‍മാനായാലും ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും അടിസ്ഥാനപരമായി നാം മനുഷ്യരാണെന്ന കാഴ്ച്ചപ്പാടോടെ പരസ്പരം സ്‌നേഹിക്കുവാനും ആചരിക്കുവാനും ഇന്നാട്ടുകാര്‍ക്ക് കഴിഞ്ഞിരുന്നു. കിഴക്ക് പുഞ്ചവയല്‍, തെക്ക് വട്ടംപാടം, വടക്ക് ചെറുവള്ളി പുഴ, ഇടതൂര്‍ന്ന കവുങ്ങിന്‍ തോപ്പുകള്‍, തെങ്ങിന്‍ തലപ്പുകള്‍ അവക്കിടയില്‍ ഒതുങ്ങിനില്‍ക്കുന്നു മുതുവമ്മല്‍ പ്രദേശം. മുസ്ലീങ്ങളുടെ ആരാധനാകേന്ദ്രമായ ജുമ: അത്ത് പള്ളി സ്ഥിതിചെയ്യുന്നത് തൊട്ടുരുമ്മി നില്‍ക്കുന്ന വീടുകള്‍ക്ക് മദ്ധ്യത്തിലാണ്. മതവിദ്യാഭ്യാസത്തിനായി ഒരു മദ്രസയും ഇവിടെയുണ്ട്. തൊട്ടപ്പുറത്ത് കുഴയ്ക്കല്‍ കൊട്ടിലിങ്ങല്‍ ഭഗവതി ക്ഷേത്രവും സ്ഥിതിചെയ്യുന്നു. ഈ ക്ഷത്രത്തിലെ ഉത്സവം ജാതിമതഭേദമന്യേ ഈ ഗ്രാമത്തിന്റെ മൊത്തം ഉത്സവമാണ്. പഴയകാലം തൊട്ടേ ഇവിടെ ഇരു സമുദായങ്ങളും തികഞ്ഞ മൈത്രിയോടെയാണ് ജീവിച്ചുപോന്നത്.
ശ്രീ. നരസിംഹമൂര്‍ത്തി ക്ഷേത്രം
സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഹരിതാഭമായ നിബിഡ വനങ്ങളാലും ചോലകളാലും മനോഹരമായ ഈ താഴ്‌വര ശ്രേഷ്ഠ ഋഷീവര്യന്‍മാരുടെ ഈശ്വരോപാസന കോന്ദ്രമായിരുന്നു. വിശിഷ്ടനും വിഷ്ണു ഭക്തനുമായ ഒരു സന്യാസി ഭക്ത്യാദരപുരസ്സരം ദേവോപാസനയില്‍ നിമഗ്നമായിരിക്കുമ്പോള്‍ ഒരിക്കല്‍ നരസിംഹ സാന്നിദ്ധ്യമുണ്ടാവുകയും ഭക്തവിവശനായി അദ്ദേഹം നോക്കിക്കൊണ്ടിരിക്കെ ആ അഭൗമിക പ്രഭാപടലം സാവകാശം ഭൂമിയില്‍ അന്തര്‍ലീനമാകുന്നതും കാണുവാനിടയായി. പരമഭക്തമായിരുന്ന അദ്ദേഹം തന്റെ ഇഷ്ടമൂര്‍ത്തിയെ തുടര്‍ന്നും ഭുജിച്ചുകൊണ്ടിരിക്കുവാന്‍ ദേഹപരിത്യാഗം നടത്തി സര്‍പ്പരൂപത്തില്‍ ജന്‍മമെടുത്ത് തല്‍സ്ഥാനത്ത് ഭൂമിക്കടിയില്‍ പ്രവേശിച്ച് നടസിംഹസാനിദ്ധ്യത്തോടെ സായൂജ്യമടഞ്ഞു.
പില്‍കാലത്ത് ഈ പ്രദേശത്തിന്റെ ഭരണാധികാരിയായിരുന്ന ഒരു നാടുവാഴി താനനുഭവിക്കുന്ന അനപത്യദോഷപരിഹാര നിവൃത്തിക്കായി പണ്ഡിതോപദേശം തേടുകയും അപ്രകാരം നരസിംഹസാനിദ്ധ്യമുള്ള ഈ സ്ഥാനത്ത് വിധിയാം വണ്ണം ക്ഷേത്രം നിര്‍മ്മിച്ച് വ്രതനിഷ്ഠകളോടെ ഭുജിച്ചപ്പോള്‍ അനപത്യദോഷത്തില്‍നിന്നും മോക്ഷം നേടുകയും സന്താന സൗഭാഗ്യവാനായി ദീര്‍ഘകാലം രാജ്യ പരിപാലനം തുടരുകയും ചെയ്തു. കാലാന്തരേണ രാജവംശം നാമാവശേഷമാവുകയും ഇവിടെ ഉണ്ടായിരുന്ന ബ്രാഹ്മണര്‍ ക്ഷേത്രകാര്യങ്ങള്‍ നിര്‍വ്വഹിക്കാനും അവരുടെ ആരാധനാമൂര്‍ത്തിയായ ഭദ്രകാളിയെ കന്നിമൂലയില്‍ പ്രതിഷ്ഠിച്ച് ആരാധിക്കുവാനും തുടങ്ങി. തുടര്‍ന്ന് അനേക വര്‍ഷങ്ങള്‍ക്ക് ശേഷം ക്ഷേത്രാവകാശം ചില ഗോത്രങ്ങള്‍ക്ക് മാത്രമായിത്തീര്‍ന്നതോടെ ക്ഷേത്രത്തിന്റെ അവകാശത്തിനായി ഗോത്രങ്ങള്‍ തമ്മില്‍ തര്‍ക്കം ഉന്നയിക്കുകയും ക്രമേണ കര്‍മ്മ വൈകല്യം വരാനും ഇടയായതോടെ ക്ഷേത്രേശ ഗോത്രക്കാര്‍ക്ക് വംശാന്തം സംഭവിക്കുകയും ചെയ്തു. വീണ്ടും വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നത്തെ ക്ഷേത്രേശന്‍മാര്‍ക്ക് ഈ ക്ഷേത്രസ്ഥാനം ലഭിക്കുകയും ഇന്നുകാണുന്ന ക്ഷേത്രം നിര്‍മ്മിച്ചുവെന്നുമാണ് ഐതിഹ്യം.
സംസ്‌കാരം
ആദിമകാല മനുഷ്യന്‍ ഇന്നുകാണുന്ന അവസ്ഥയിലേക്കെത്തുന്നതിന് പല സുപ്രധാന നാഴികക്കല്ലുകളും പിന്നിട്ടു. മനുഷ്യന്റെ കൂട്ടായ്മയാണ് മാനവ പുരോഗതിയുടെ പ്രധാന കാതല്‍. ഇവിടത്തെ പ്രധാന സാംസ്‌കാരിക സ്ഥാപനങ്ങള്‍ ക്ലബ്ബുകള്‍, വായനാശാലകള്‍ മുതലായവയാണ്. വിദ്യാഭ്യാസത്തില്‍ സ്ത്രീകളാണ് പുരുഷന്‍മാരെക്കാള്‍ മുന്നിട്ടു നില്‍ക്കുന്നത്. സാധാരണ ജനങ്ങള്‍ അവരുടെ അത്യാവശ്യ കാര്യങ്ങള്‍ വേണ്ടവണ്ണം നടത്തുന്നതിനായി വന്‍ പലിശയീടാക്കുന്ന തമിഴരെയും മറ്റും ആശ്രയിക്കേണ്ടിവരുന്നതുകൊണ്ട് തൊഴിലാളി സമൂഹം എന്നും തീരാത്ത കടങ്ങളുമായി നീറുകയാണ്. ഇവിടെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വിറക്, തെങ്ങുല്‍പന്നങ്ങള്‍, ചപ്പുചവറുകള്‍ എന്നിവയാണ് വ്യാപകമായി ഉപയോഗിച്ചുവരുന്ന ഊര്‍ജ്ജ സ്രോതസ്സുകള്‍. ബഹുഭൂരിപക്ഷം വീടുകളും വൈദ്യുതീകരിച്ചിട്ടുണ്ട്. വെളിച്ചത്തിനുള്ള മുഖ്യ സ്രോതസ്സ് വൈദ്യുതി തന്നെയാണ്. 10% ത്തില്‍ കുറവ് വീടുകളില്‍ മണ്ണെണ്ണ വിളക്കുകള്‍ ഉപയോഗിക്കുന്നു. 10% പേര്‍ പാചകാവശ്യത്തിന് മണ്ണെണ്ണ ഉപയോഗിക്കുന്നു.